കാമ്പസില്‍ കനയ്യ കുമാറിന് നേരെ ആക്രമണം; ‘ ഒരു പാഠം പഠിപ്പിക്കാനാണ് താനെത്തിയതെന്ന് ’ പിടിയിലായ അക്രമി

വ്യാഴം, 10 മാര്‍ച്ച് 2016 (19:55 IST)
ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം. കാമ്പസിനുള്ളില്‍ വച്ചായിരുന്നു ആക്രമണം. പുറത്ത് നിന്ന് എത്തിയ ഒരാളാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. കനയ്യ കുമാറിനെ ഒരു പാഠം പഠിപ്പിക്കാനാണ് താനെത്തിയതെന്ന് ഇയാള്‍ പറഞ്ഞു.

വികാസ് ചൌധരി എന്ന ഗാസിയാബാദ് സ്വദേശിയാണ് കനയ്യയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, വികാസിന്റെ ആക്രമണത്തില്‍നിന്നു കനയ്യയെ വിദ്യാര്‍ഥികള്‍ രക്ഷിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. കശ്‌മിരിലെ  സൈന്യത്തെക്കുറിച്ച് കനയ്യ നടത്തിയ പ്രസ്താവനയാണ് വികാസിനെ പ്രകോപിപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്.  

21 ദിവസം നീണ്ടുനിന്ന ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് കനയ്യയ്ക്ക് ജാമ്യം ലഭിച്ചത്. പാർലമെന്റ് ആക്രമണ കേസിൽ വധശിക്ഷയ്ക്കു വിധേയനായ അഫ്സൽ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കനയ്യയ്ക്കെതിരെയുള്ള കേസ്.

കനയ്യ പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹത്തെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ദില്ലിയിലും കനയ്യയുടെ നാക്ക് അറുത്ത് എടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ കനയ്യയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകർ മർദ്ദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് കനയ്യയ്ക്ക് മതിയായ സുരക്ഷ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക