തോമറിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ വീഴ്ച പറ്റി: ആം ആദ്മി
വെള്ളി, 19 ജൂണ്‍ 2015 (10:35 IST)
ജിതേന്ദ്ര സിംഗ് തോമറിന്റെ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വ്യാജബിരുദത്തിന്റെ ആരോപണം ഉയർന്നപ്പോൾ തന്നെ അതേക്കുറിച്ച് അന്വേഷിച്ചിരുന്നു. തോമർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. നിലവിലേത് ആർക്കും സംഭവിക്കാവുന്ന ഒരു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ 67 എംഎൽഎമാരും അവരുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിശോധിക്കുകയെന്നത് അപ്രായോഗികമാണ്. അതെല്ലാം ഒറിജിനൽ ആണെന്നു വിശ്വസിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തോമറിനെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം തെറ്റുകാരനല്ലെന്നും ക്രൂശിക്കപ്പെടുകയായിരുന്നുവെന്നുമായിരുന്നു പാർട്ടി നിലപാട്.
ഇത്തരത്തിലൊരു പ്രശ്നം കുത്തിപ്പൊക്കിയതിന്റെ സമയവും സാഹചര്യവുമാണ് പാർട്ടി കണക്കിലെടുത്തത്. കുറ്റം ചെയ്തത് ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നും സിസോദിയ വ്യക്തമാക്കി.