യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ; ജെയ് ഷായ്ക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് രാജ്നാഥ് സിംഗ്
ചൊവ്വ, 10 ഒക്ടോബര്‍ 2017 (20:27 IST)
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ആരോപണം അടിസ്ഥാനരഹിതമായതിനാല്‍ അന്വേഷണം ആവശ്യമില്ല. നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഉണ്ടാകുന്ന ആരോപണങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലേതു പോലുള്ള ആരോപണങ്ങള്‍ നേത്തെയും ഉണ്ടായിട്ടുണ്ട്. ഒരു പ്രത്യേക സമയത്ത് മാത്രമാണ് ഇങ്ങനെയുള്ള വാര്‍ത്തകളും ആരോപണങ്ങളും പുറത്തുവരുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെയെന്നും എന്‍ഐഎയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി സർക്കാർ അധികാരമേറ്റതിനുശേഷം ജെയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്നാണ് ദി വയർ എന്ന ഓണ്‍ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. വാര്‍ത്ത കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഏറ്റെടുത്തതോടെയാണ് ബിജെപി നേതൃത്വം വെട്ടിലായത്.
2014-15 സാമ്പത്തിക വർഷത്തിൽ ജെയ് ഷായുടെ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വർഷത്തിൽ ഇത് 80.5 കോടി രൂപയായി ഉയർന്നുവെന്നുമായിരുന്നു റിപ്പോർട്ട്. കമ്പനി രജിസ്ട്രാർ ഓഫീസിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത പുറത്തുവന്നത്. രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.