മികച്ച വിദ്യാർത്ഥിനികൾക്ക് ലാപ്ടോപ്പ്; പന്ത്രണ്ടാം ക്ലാസ് വിജയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപ

ചൊവ്വ, 8 മാര്‍ച്ച് 2016 (16:01 IST)
പന്ത്രണ്ടാം ക്ലാസ് വിജയിക്കുന്ന പെൺകുട്ടികൾക്ക് 25,000 രൂപ പാരിതോഷികം നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ബജറ്റ് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
 
പ്ലസ് ടു പാസ്സാകുന്ന പെൺകുട്ടികൾക്ക് 25,000 രൂപ പാരിതോഷികം നൽകുന്നതോടൊപ്പം പെൺകുട്ടികൾക്കുള്ള സ്കൂട്ടിയുടെ നികുതിയും കുറക്കുമെന്ന് വസുന്ധര രാജെ പ്രഖ്യാപിച്ചു. വനിതാ ദിനത്തിൽ നടന്ന ബജറ്റ് പ്രസംഗം വിദ്യാർത്ഥിനികൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി അറിയിച്ചു.  ജനിക്കുന്ന പെൺകുഞ്ഞുങ്ങ‌ൾക്ക് സർക്കാരിന്റെ ധനസഹായങ്ങ‌ൾ നൽകും.
 
മികച്ച വിദ്യാർത്ഥിനികൾക്ക് സമ്മാനമായി ലാപ്ടോപ്പ് നൽകുന്നതിന് 60 കോടി രൂപ നീക്കിവെച്ചു. പെൺകുട്ടികളുടെ ഹോസ്റ്റൽ സൗകര്യങ്ങ‌ൾ വികസിപ്പിക്കുന്നതിന് 7.38 കോടി രൂപയും മദ്രസകൾക്ക് 67.30 കോടി രൂപയും മാറ്റിവെച്ചു. സർക്കാർ സ്കൂളുകളിൽ വിര്‍ച്വല്‍ ക്ലാസ്‌റൂമുകള്‍ സ്ഥാപിക്കും റസിഡൻഷ്യൽ വിദ്യാലയങ്ങ‌ളെയും പരിഗണനയിൽ പെടുത്തിയിട്ടുണ്ട്. റസിഡൻഷ്യൽ സ്കൂളുകൾക്ക് സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ അവതരിപ്പിക്കും.
 
വിദ്യാർത്ഥിനിക‌ളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അവരുടെ ഗതാഗത സൗകര്യത്തിനായി വൗച്ചറുകള്‍ നൽകുമെന്നും വസുന്ധര രാജെ പറഞ്ഞു. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകാൻ കുടിവെള്ള ജല വിതരണം പുനരുജ്ജീവിപ്പിക്കാന്‍ 80 കോടി രൂപ വകയിരുത്തി. ഒപ്പം ഗ്രാമങ്ങ‌ളിലെക്കുള്ള റോഡുകൾ മികച്ചതാക്കുന്നതിനായി 182.35 കോടി രൂപ നീക്കി‌വെച്ചു.
 
 
 
 
 

വെബ്ദുനിയ വായിക്കുക