ബാങ്കുകള്‍ സമ്മര്‍ദ്ദം തുടങ്ങി, ദേശീയ ചെറുകിട നിക്ഷേപ പദ്ധതികളില്‍ പലിശ വെട്ടിക്കുറച്ചേക്കും
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (12:18 IST)
രാജ്യത്തെ സ്വകാര്യ- പൊതുമേഖലാ ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിനേ തുടര്‍ന്ന് കേന്ദ്രസര്‍ക്കരിന്റെ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ ജിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് സൂചനകള്‍. ആഗസ്ത് മാസം അവസാനത്തോടെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. ചെറുകിട നിക്ഷേപങ്ങളുടെ പലിശ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ മുകളില്‍ നില്‍ക്കുന്നതിനാലാണ് ബാങ്കുകള്‍ സമ്മര്‍ദ്ദം തുടങ്ങിയത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യ പദ്ധതി, സുകന്യ സമൃദ്ധി യോജന എന്നിവ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകളാണ് ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശകളേക്കാള്‍ മുകളില്‍ നില്‍ക്കുന്നത്. പരമാവധി 9.3 ശതമാനം പലിശവരെ സര്‍ക്കാര്‍ ഈ പദ്ധതികള്‍ക്ക് നല്‍കുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്.
വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടാകുമ്പോള്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശയിലും കുറവ് വരുത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. അപ്പോള്‍ സര്‍ക്കാര്‍ പദ്ദഹ്തികളുടെ നിക്ഷേപം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ കൂട്ടത്തൊടെ ഈ പദ്ധതികളില്‍ ചേരുന്നത് ബാങ്ക് നിക്ഷേപത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്നതാണ് ബാങ്കുകളെ സമ്മര്‍ദ്ദമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്.
ചെറുകിട നിക്ഷേപ പദ്ധതികളിലൂടെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 22,408 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സുകന്യ സമൃദ്ധി പദ്ധതി, സീനിയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീം എന്നിവയ്ക്ക് ഉയര്‍ന്ന പലിശയാണ് നിലവില്‍ നല്‍കുന്നതെന്ന് കാണിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. പലിശ നിരക്ക് കുറയ്ക്കുന്നത് വ്യാപക എതിര്‍പ്പിനു കാരണമാകുമെന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഈ മാസം നടന്നേക്കും