നയതന്ത്ര ചര്‍ച്ചകള്‍ക്കായി രാഷ്ട്രപതി റഷ്യയിലേക്ക്, 9 കരാറുകളില്‍ ഒപ്പിടും
രാഷ്ട്രപതിയായതിനു ശേഷമുള്ള പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. അഞ്ച് ദിവസത്തെ സന്ദര്‍ശന വേളയില്‍ ഒമ്പത് കരാറുകളില്‍ ഇന്ത്യ റഷ്യയുമായി ഒപ്പുവെയ്ക്കും. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റ്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് രാഷ്ട്രപതി റഷ്യയിലേക്ക് പോകുന്നത്. കഴിഞ്ഞ ഡിസംബറില്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അടുത്ത ദശകതത്തിലേക്കുള്ള സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ക്കായാണ് രാഷ്ട്രപതി പോകുന്നത്.
ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണം ഉറപ്പാക്കുന്ന 9 കരാറുകളിലാണ് ഈ വേളയില്‍ ഒപ്പിടുക. റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്ന രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രി മനോജ് സിന്‍ഹയും, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും പങ്കെടുക്കും. സാംസ്‌ക്കാരിക പരിപാടിയായ നമസ്‌തേ റഷ്യ അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ടാം ലോക മഹായുദ്ധത്തിലെ റഷ്യയുടെ വിജയത്തിന്റെ എഴുപതാം വാര്‍ഷികത്തിലും രാഷ്ട്രപതി പങ്കെടുക്കും. ശനിയാഴ്ചയാണ് പരിപാടി.