ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിട്ടാല്‍ പാകിസ്ഥാന് ദുഖിക്കേണ്ടിവരും: രാജ്നാഥ് സിംഗ്

ശനി, 2 മെയ് 2015 (16:50 IST)
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ  ഇടപെട്ടാല്‍ പാകിസ്ഥാന് ദുഖിക്കേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കശ്മീരില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെതിരെ നടത്തിയ പാക് പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കശ്മീരിൽ പണ്ഡിറ്റുകൾക്കു പ്രത്യേക ടൗൺഷിപ് നിർമിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയത്തിന് എതിരാണെന്ന് പാക്ക് വിദേശകാര്യ വക്താവ് തസ്‌നീം അസ്‍ലം പറഞ്ഞിരുന്നു.

ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിൽ ഇടപെടാൻ ഒരു രാജ്യത്തെയും അനുവദിക്കില്ല. പാകിസ്ഥാനും ഇക്കാര്യത്തിൽ തലയിടേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താൽ അതിൽ പാകിസ്ഥാൻ ദുഃഖിക്കേണ്ടി വരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പണ്ഡിറ്റുകളെ പ്രത്യേക മേഖലയിൽ താമസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം യുഎൻ പ്രമേയത്തിന് എതിരാണ്. ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഭൂമിയും വീടും അനുവദിച്ചാൽ അത് ജമ്മു കശ്മീരിന്റെ ജനസംഖ്യാ ഘടനയെ ബാധിക്കും. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള കശ്മീർ ജനതയുടെ എതിർപ്പു തങ്ങൾ കണ്ടതാണെന്നുമായിരുന്നു അസ്‍ലം പറഞ്ഞത്.

1989ൽ ഉണ്ടായ വര്‍ഗീയ കലാപത്തിന്റെ ഭാഗമായി വിഘടനവാദികളെ പേടിച്ചാണ് കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്തത്. ഇത്തരത്തില്‍ പലായനം ചെയ്ത ഏകദേശം മൂന്നുലക്ഷത്തോളം പണ്ഡിറ്റ് കുടുംബങ്ങൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ടെന്നാണു കണക്കുകൾ. ഇവരെ ജമ്മു കശ്മീരിലേക്കു തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ ബൃഹത് പദ്ധതി തയാറാക്കിയിരുന്നു.  ഇതിനെതിരെയാണ്‍ പാകിസ്ഥാൻ എതിർപ്പു പ്രടിപ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക