അതിര്‍ത്തി ശാന്തമാക്കാ‍ന്‍ പാക്ക് സര്‍ക്കാര്‍ വിചാരിക്കണം: രാജ്നാഥ് സിംഗ്

ശനി, 3 ജനുവരി 2015 (17:47 IST)
പാക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമെ അതിര്‍ത്തിയിലെ വെടിവെപ്പ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ പാക്കിസ്ഥാനുമായി സൌഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പാക്ക് സൈന്യം പതിവായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അയല്‍ രാജ്യങ്ങളുമായും സൌഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയുടെ അയല്‍ രാജ്യമാണ് അതിനാല്‍ സൌഹൃദം സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുമ്പോഴും പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണ്. ഇരു രാജ്യങ്ങളും കൊകോര്‍ത്ത് മുന്നോട്ടു നീങ്ങാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പറഞ്ഞിട്ടും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യ തുടര്‍ച്ചയായി പാക്കിസ്ഥാനോട് ഈ കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതൊന്നും കേള്‍ക്കാതെ അതിര്‍ത്തിയില്‍ ആക്രമണം തുടരുകയാണ് പാക്കിസ്ഥാനെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക