വെടിനിർത്തൽ ലംഘനത്തിന്റെ നീണ്ട നിര; പാകിസ്ഥാൻ രണ്ടും കൽപ്പിച്ച്, അതിർത്തിയിൽ ആളുകളെ ഒഴിപ്പിക്കുന്നു

ഞായര്‍, 23 ഒക്‌ടോബര്‍ 2016 (11:55 IST)
കശ്മീരിലെ അതിർത്തിയിൽ പാക്ക് സൈന്യം നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളെ തുടർന്ന് അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ഉറി ആക്രമണത്തിന് ഇന്ത്യ ശക്തമായി മറുപടി നൽകിയതു മുതൽ പാകിസ്ഥാൻ - ഇന്ത്യ ബന്ധം വഷളായിരുന്നു. ആക്രമണങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ അതിർത്തിയിലെ സുരക്ഷയെ കരുതിയാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
 
കഴിഞ്ഞ ദിവസം രാത്രി ഹിര നഗർ മേഖലയിലെ ബോബിയ ഗ്രാമത്തിൽ പാക്ക് സേന നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് തകർത്തിരുന്നു. നുഴ​ഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടതോടെ പിൻവാങ്ങിയ പാക്ക് പട്ടാളവും ഭീകരരും വെള്ളിയാഴ്ച രാവിലെ മുതൽ ആക്രമണം തുടങ്ങിയതോടെ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തിൽ ഏഴു പാക്ക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഒപ്പം ഒരു ഇന്ത്യൻ സൈനികനും കൊല്ലപെട്ടിരുന്നു.
 
ആക്രമണഭീഷണിയെ തുടർന്ന് അതിർത്തി ഗ്രാമങ്ങളിൽനിന്നുള്ള നാനൂറോളം പേരെയാണ് സുരക്ഷിതകേന്ദ്രങ്ങളിൽ മാറ്റിപ്പാർപ്പിച്ചത്. വെള്ളിയാഴ്ച ആറു തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത്. ഇന്ത്യൻ സൈന്യം തിരിച്ചടി നടത്തിയതിനു ശേഷവും പാകിസ്ഥാൻ കരാർ ലംഘിച്ചു. തുടർച്ചയായ വെടിവെയ്പ്പിലൂടെ ഇന്ത്യൻ സൈന്യത്തെ ഭയപ്പെടുത്തുകയോ തളർത്തുകയോ ആവാം പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് കരുതുന്നു. ഏറെ വൈകാതെ ജനജീവിതം സാധാരണ നിലയിൽ എത്തിയേക്കാം.
 

വെബ്ദുനിയ വായിക്കുക