പാകിസ്ഥാനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് കോണ്‍ഫറന്‍സ് ഇന്ത്യ ബഹിഷ്‌കരിക്കും

വെള്ളി, 7 ഓഗസ്റ്റ് 2015 (18:57 IST)
സെപ്‌തംബറില്‍ ഇസ്ലാമബാദില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി യൂണിയന്‍ മീറ്റിംഗ് ഇന്ത്യ ബഹിഷ്‌കരിക്കും. പഞ്ചാബിലും ജമ്മു കാശ്‌മീരിലും നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്‌മീര്‍ നിയമസഭ സ്പീക്കര്‍ക്ക് പാകിസ്ഥാന്‍ ക്ഷണം അയച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
 
ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്പീക്കര്‍മാരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. ജമ്മു കാശ്‌മീര്‍ നിയമസഭ സ്പീക്കറെ കോണ്‍ഫറന്‍സിലേക്ക് പാകിസ്ഥാന്‍ ക്ഷണിക്കുന്നില്ലെങ്കില്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ സ്പീക്കര്‍മാരുടെ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
 
സെപ്‌തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ എട്ടു വരെ ഇസ്ലാമബാദില്‍ നടക്കുന്ന ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ജമ്മു കാശ്‌മീര്‍ നിയമസഭ സ്പീക്കര്‍ക്ക് ക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാര്‍ക്ക് എല്ലാം ക്ഷണം ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക