അഫ്‌ഗാൻ പൗരന്മാർക്ക് അടിയന്തിര ഇ-വിസ വാഗ്‌ദാനം ചെയ്‌ത് ഇന്ത്യ

ചൊവ്വ, 17 ഓഗസ്റ്റ് 2021 (20:52 IST)
അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാർക്കായി അടിയന്തിര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മതത്തിന്റെ പരിഗണനകൾ ഒന്നുമില്ലാതെ എല്ലാ അഫ്‌ഗാൻ പൗരന്മാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
 
അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത് രണ്ടുദിവസത്തിനുശേഷമാണ് ഇന്ത്യയുടെ ഇ-വിസ പ്രഖ്യാപനം. അഫ്ഗാന്‍ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
 
അതേസമയം അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതലയോഗം നടക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍