അതിശക്തമായ മഴയില്‍ മുങ്ങി ആന്ധ്രയും തെലങ്കാനയും; 140 ട്രെയിനുകള്‍ റദ്ദാക്കി, 97 എണ്ണം വഴിതിരിച്ചു വിട്ടു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (12:02 IST)
തെക്കേ ഇന്ത്യയില്‍ മഴ ശക്തമാകുന്നു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയില്‍ 15 പേരും തെലങ്കാനയില്‍ ഒമ്പത് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനത്ത മഴയില്‍ പലയിടങ്ങളും മുങ്ങി. റോഡിലും റയില്‍പാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയില്‍ ഗതാഗതം താറുമാറായി.കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനില്‍ നിന്ന്  സര്‍വീസ് നടത്തുന്ന  ട്രെയിനുകളില്‍ ചിലതും  റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ഇന്ന് പോകെണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍.22648 കൊച്ചുവേളി - കോര്‍ബ എക്സ്പ്രസ്,  ട്രെയിന്‍ നമ്പര്‍.22815 ബിലാസ്പൂര്‍-എറണാകുളം എക്സ്പ്രസ് , സെപ്റ്റംബര്‍ 4-ന്  പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍.22816 എറണാകുളം-ബിലാസ്പൂര്‍ എക്സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.
 
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വെ വിജയവാഡ ഡിവിഷനില്‍ 140 ട്രെയിനുകള്‍ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചു വിട്ടതായും റെയില്‍വെ അറിയിച്ചു. നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന, ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തി. ഇരു സംസ്ഥാനങ്ങളിലുമായി 26 എന്‍ഡിആര്‍എഫ് സംഘങ്ങളെയാണ് വിന്യസിച്ചത്. വരുംദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍