തമിഴ്‌നാട്ടില്‍ ഏപ്രില്‍ 25 ന് ബന്ദ്; കർഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കണമെന്ന് ആവശ്യം

ഞായര്‍, 16 ഏപ്രില്‍ 2017 (14:35 IST)
തമിഴ്നാട്ടിലെ കർഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഏപ്രിൽ 25ന് ബന്ദ്. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് അഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ദിവസങ്ങളായി ഡല്‍ഹി ജന്ദര്‍മന്ദിറില്‍ പ്രക്ഷോഭത്തിലാണ്. ഡല്‍ഹിക്ക് പുറമേ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, കോയമ്പത്തുര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും വലിയതോതിലുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. 
 
കാവേരി നദീ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് അന്തിമ വിധി ഉണ്ടാവണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്. കനത്ത വരൾച്ചയാണ് തമിഴ്നാട്ടില്‍ നിലവിലുള്ളത്. വരൾച്ച ദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക മതിയാവില്ലെന്നാണ് തമിഴ്നാട്ടിലെ കർഷകരുടെ വാദം. ഇതിനു പുറമേ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളും കർഷകരുടെ സ്ഥിതി ദുസഹമാക്കുന്നു.

വെബ്ദുനിയ വായിക്കുക