ഗംഗാജലം ഇനി പോസ്റ്റ് ഓഫീസ് വഴി, തപാലിലൂടെ മാത്രമല്ല ഓൺലൈൻ വഴിയും ലഭ്യമാകും

വ്യാഴം, 14 ജൂലൈ 2016 (14:03 IST)
പവിത്രമായ ഗംഗാജലം ഇനിമുതൽ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാകും. തപാൽ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്നോണം എല്ലാ ജില്ലകളിലും വെള്ളിയാഴ്ച പോസ്റ്റ് ഓഫീസ് വഴി ഗംഗാജലം ലഭ്യമാകും. ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലൂടെയാണ് ജലം ലഭ്യമാവുക. പദ്ധതി വിജയകരമെങ്കിൽ കൂടുതൽ പോസ്റ്റ് ഓഫീസുകളിലേക്ക് ജലം വിതരണം ചെയ്യും.
 
ഗംഗാജലം ആവശ്യക്കാരുടെ വീട്ടിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തപാൽ കൗണ്ടറിനുപുറമെ ഓൺലൈൻ വഴിയും ഗംഗാജലം ബുക്ക് ചെയ്യാൻ കഴിയും. ആവശ്യക്കാർക്ക് ബുക്ക് ചെയ്ത മേൽവിലാസത്തിൽ വീട്ടിൽ എത്തിച്ചുകൊടുക്കും. ഗംഗോത്രി, ഋഷികേശ് എന്നിവടങ്ങളിൽ നിന്നും ശേഖരിച്ച ഗംഗാജലമാണ് വിതരണം ചെയ്യുന്നത്.
 
കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദും മനോജ് സിൻഹയുമാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഓൺലൈൻ വ്യാപാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രം, ആഭരണങ്ങ‌ൾ എന്നിവ തപാൽ വഴി വീടുകളിൽ എത്തിക്കാറുണ്ട്. ഈ രീതിയിൽ വീടുകളിൽ ഗംഗാജലവും എത്തിക്കുക എന്നാണ് ഉദ്ദേശ്യമെന്ന് കേന്ദ്രമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാംസ്‌കാരികമായ ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 
തപാൽമാർഗം ജലം വീട്ടിലെത്തിക്കുന്നതിന് സ്പീഡ് പോസ്റ്റ് ചാർജിനു പുറമെ 15 രൂപ പാക്കിംഗ് ചാർജും ഉപഭോക്താക്കൾ അധികം നൽകണം. ഗംഗോത്രിയിൽ നിന്നും ശേഖരിച്ച ജലത്തിന് 25,35 രൂപ നിരക്കും ഋഷികേശിൽ നിന്നും ശേഖരിച്ച ജലത്തിന് 25 രൂപയുമാണ് നിരക്ക്.

വെബ്ദുനിയ വായിക്കുക