ഗജേന്ദ്രസിംഗിന്റെ ആത്മഹത്യ, ആം ആദ്മികള്‍ക്കെതിരെ സാക്ഷിമൊഴി
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ കര്‍ഷക പ്രതിഷേധ റാലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് സാക്ഷിമൊഴികള്‍. ഗജേന്ദ്രസിംഗിനെ പ്രകോപിപ്പിച്ച് മരത്തിനുമുകളില്‍ കയറ്റുകയായിരുന്നു എന്നും ആം ആദ്മി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇയാള്‍ കഴുത്തില്‍ കയര്‍ മുറുക്കിയതെന്നും സാക്ഷിമൊഴികള്‍ ഡല്‍ഹി പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഡല്‍ഹി പോലീസിന്റെ അന്വേഷണ സംഘത്തിനു മുമ്പാകെയാണ് രണ്ട് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയത്. ദൃക്‌സാക്ഷികള്‍ രണ്ടു പേരെയും പോലീസ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ കഴിഞ്ഞയാഴ്ച ജന്തര്‍ മന്തറില്‍ എഎ.പി സംഘടിപ്പിച്ച റാലിക്കിടെയാണ് ഗജേന്ദ്ര സിംഗ് മരത്തില്‍ കയറി തൂങ്ങിമരിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നോക്കിനില്‍ക്കേയായിരുന്നു ആത്മഹത്യ. സിസോദിയയുടെ അറിവോടെയാണ് ഗജേന്ദ്ര സിംഗ് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.