യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോമിനെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

ബുധന്‍, 20 ജൂലൈ 2016 (14:14 IST)
യമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്സഭയിലാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. ഫാ ടോമിനെ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
 
ഫാ ടോം ഉഴുന്നാലിനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ ഇന്ത്യയെ സഹായിക്കാന്‍ കഴിയുന്ന രാജ്യങ്ങളുമായി സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തിപരമായ താല്പര്യമെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വേളകളില്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 
ഫാ അലക്‌സിനെ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തിയതു പോലെ ഫാ ടോമിനെയും മോചിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫാ ടോമിനെ മോചിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഇക്കാര്യം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക