ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് എതിരെ നാലു പ്രതികള്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതിയില്‍ ഇന്നു അന്തിമ വാദം ആരംഭിക്കും. മുകേഷ് സിംഗ്, അക്ഷയ് ഠാകൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ അപ്പീലുകള്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ്മാരായ ദിപക് മിശ്ര, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് അപ്പീലുകളില്‍ വാദം കേള്‍ക്കുന്നത്.
അപ്പീലില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ദിവസവും ഉച്ചക്ക് രണ്ടു മുതല്‍ ആറു വരെ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കേസ്സില്‍ സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറിമാരായ രാജു രാമചന്ദ്രന്‍, സഞ്ജയ് ഹെഡ്ഡേ എന്നിവരെ മാറ്റണം എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ആയ പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും ചീഫ് ജസ്റ്റിസ് ടിഎസ്സ് ഠാക്കുറിനും, ജസ്റ്റിസ് ദിപക് മിശ്രക്കും കത്തു നല്‍കിയിട്ടുണ്ട്. രണ്ട് അമിക്കസ് ക്യയൂറിമാരും ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രതികള്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍, നിഷപക്ഷ നിലപാട് സ്വീകരിക്കാന്‍ ആകില്ലെന്നാണ് പ്രതികളുടെ വാദം.