നിയമ സഭ രാഷ്ട്രപതി പിരിച്ചുവിട്ടതിനേതുടര്‍ന്ന് തെരഞ്ഞെടുപ്പ് ചൂടിലായ ഡല്‍ഹിയില്‍ പ്രസ്താവന യുദ്ധം തുടങ്ങി. ബിജെപിയും, എ എ പിയും തമ്മിലാണ് പ്രസ്താവനാ യുദ്ധം ആരംഭിച്ചത്. ബിജെപി നേതാവ് ജഗ്ദീഷ് മുഖിയാണോ താനാണോ നല്ല മുഖ്യമന്ത്രിയെന്ന് ജനം തീരുമാനിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് കാരണം.
കെജ്രിവാള്‍ പറഞ്ഞതിന് പിന്നാലെ ബിജെപി ശബ്ദമുയര്‍ത്തി. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ജഗ്ദീഷ് മുഖിയാണെന്ന് കെജ്രിവാളിനോട് ആരുപറഞ്ഞെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാദ്യായയുടെ ചോദ്യം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കെജ്രിവാള്‍ ആരാണെന്നും ബിജെപി ചോദിക്കുന്നു.
ഡല്‍ഹിക്ക് സ്വീകാര്യനായ മുഖ്യമന്ത്രി കെജ്രിവാളെന്ന മുദ്രാവാക്യമാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഡിയുമായല്ല തന്റെ മത്സരമെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. വാരണാസിയില്‍ മോഡിക്കെതിരെ മത്സരിച്ച് തോറ്റയാളാണ് കെജ്രിവാള്‍. ആ പേടി അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെയാണ് മോഡിയുമായി നേരിട്ടുള്ള മത്സരത്തിനില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
അതിനിടെ കെജ്രിവാളിനെ വിമര്‍ശിച്ച് ജഗദീഷ് മുഖി തന്നെ രംഗത്ത് എത്തി. വെസ്റ്റ് ഡല്‍ഹിയില്‍ മത്സരിക്കാനാണ് കെജ്രിവാളിന്റെ നീക്കം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ തവണ ജയിച്ച് മുഖ്യമന്ത്രിയായത്. മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തതിനാല്‍ സ്വന്തം മണ്ഡലത്തില്‍ തോല്‍ക്കുമെന്ന് കെജ്രിവാള്‍ കരുതുന്നു. അതിനാലാണ് മണ്ഡലം മാറി മത്സരിക്കുന്നത്. അത്തരമൊരു നേതാവാണ് ബിജെപിയെ വിമര്‍ശിക്കുന്നതെന്നും ജഗദീഷ് മുഖി പറഞ്ഞു.
മോഡി പ്രഭാവത്തില്‍ ഭരണം പിടിക്കാമെന്നാണ് ബിജെപി കരുതുന്നത്. അതേ സമയം മോഡി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്നാണ് എഎപി കരുതുന്നു. എന്നാല്‍ കേന്ദ്രത്തിലെ അനുകൂല സാഹചര്യവും, ജനപ്രിയ പദ്ധതികളും ഉയര്‍ത്തിക്കാട്ടി ഭരണം പിടിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസിനാകട്ടെ ഉയര്‍ത്തിക്കാട്ടാന്‍ പ്രത്യേകിച്ച് ഒരു നേതാവില്ലാത്തതിനാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പിന്നോക്ക പോകുമെന്നാണ് വിലയിരുത്തല്‍.