ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമെന്ന് എഎപി
വ്യാജ ബിരുദം നേടിയ കേസിൽ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ അറസ്റ്റു ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഒരു സംസ്ഥാനത്തിന്റെ നിയമമന്ത്രിയെ അറസ്റ്റു ചെയ്തതിലൂടെ ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്നും ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത്.
ഒരു കാരണവും കൂടാതെ തോമറിനെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ മോശമായ രീതിയിൽ അറസ്റ്റു ചെയ്യാൻ തോമർ ഏതെങ്കിലും മാഫിയയുടെ ഭാഗമാണോ? അദ്ദേഹം ബോംബ് സ്ഫോടനം വല്ലതും നടത്തിയോ എന്നും സിസോദിയ ചോദിച്ചു.
ഏകാധിപത്യ മനോഭാവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിനോട് പ്രവര്‍ത്തിക്കുന്നതെന്നും ഡൽഹിയിലെ അഴിമതി തുടച്ചു നീക്കുന്നതിന് ശ്രമിക്കുന്ന സർക്കാരിനെ തുരങ്കം വയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കാരെ പിടികൂടാൻ ശ്രമിക്കുന്ന ഡൽഹി സർക്കാരിനെ ഒരു പാഠം പഠിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിസോദിയ പറഞ്ഞു.