‘പദ്മാവത്’ പ്രദർശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി; സെന്‍സര്‍ ബോര്‍ഡ് അധികാരം നല്‍കിയത് വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല

വ്യാഴം, 18 ജനുവരി 2018 (12:32 IST)
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. ഏതൊരു സിനിമയ്ക്കും ഭരണഘടനാ പരിരക്ഷയുണ്ടെന്നും സിനിമ നിരോധിച്ചത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
 
പദ്മാവത് എന്ന ചിത്രം ക്രമസമാധാനം തകര്‍ക്കുമെന്ന വാദമാണ് സംസ്ഥാനങ്ങല്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം കോറ്റതി തള്ളി. ക്രമസമാധാനത്തിന്റെ പേരിലായാല്‍ പോലും സെന്‍സര്‍ ബോര്‍ഡ് അധികാരം നല്‍കിയത് വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന്‍ സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.
 
രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവടങ്ങളിലാണ് രജ്പുത് കർണി സേനയുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പദ്മാവതിന്റെ റിലീസ് നിരോധിച്ചത്‌. സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്നും ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് നിർമാതാക്കൾ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 
 
സിനിമയുടെ പേര് മാറ്റുന്നതുള്‍പ്പടെ ആകെ അഞ്ച് മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ്‌ സെന്‍സര്‍ ബോര്‍ഡ് സിനിമയ്‌ക്ക് U\A സര്‍ട്ടിഫിക്കറ്റ് നല്‍കിയത്‌.

വെബ്ദുനിയ വായിക്കുക