ഇന്ത്യക്കെതിരെയുള്ള പ്രതികാര ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്‌ബയില്‍ ചേര്‍ന്നതെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ശിവസേനയ്‌ക്കെതിരെ അമേരിക്കയില്‍ ധനസമാഹരണം നടത്താന്‍ ശ്രമിച്ചിരുന്നു. ശിവസേന നേതാവ് ബാല്‍ താക്കറെയെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അവിടെവച്ച അദ്ദേഹത്തെ ആക്രമിക്കാന്‍ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലേക്ക് എത്തിയില്ലെന്നും വിസ്‌താരത്തിനിടെ ഹെഡ്‌ലി പറഞ്ഞു.
1971 ഡിസംബര്‍ ഏഴാംതീയതി ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാനിലെ എന്റെ സ്‌കൂള്‍ തകര്‍ത്തു. അന്നെനിക്ക് പതിനൊന്ന് വയസായിരുന്നു. ആക്രമണത്തില്‍ സ്‌കൂളില്‍ ജോലി ചെയ്‌തിരുന്നവരും പരിചയക്കാരും കൊല്ലപ്പെട്ടും. അന്നുമുതല്‍ ഇന്ത്യയോട് പകരം വീട്ടാന്‍ മനസില്‍ ആഗ്രഹം തുടങ്ങിയിരുന്നു. പ്രായമായപ്പോള്‍ ലഷ്‌കറില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഈ കാര്യം തന്റെ പിതാവ് മനസിലാക്കിയെന്നും അദ്ദേഹം അത്തരം പ്രവര്‍ത്തനങ്ങളെ ഒരിക്കലും അംഗീകരിച്ചില്ലെന്നും ഹെഡ്‌ലി പറഞ്ഞു. കുടുംബത്തിലെ പലരും പാകിസ്ഥാനിലെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ ആരക്കെയാണെന്ന് വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിലെ എതിര്‍ വിസ്താരത്തിലാണ് ഹെഡ്‌ലി ഇക്കാര്യം പറഞ്ഞത്. വിസ്താരം മൂന്നാം ദിവസവും തുടരുന്നു. മുഖ്യപ്രതിയായ അബു ജിന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുള്‍ വഹാബ് ഖാനാണ് ഹെഡ്‌ലിയെ എതിര്‍വിസ്താരം ചെയ്യുന്നത്. വിസ്താരം നാലു ദിവസം വരെ തുടരുമെന്ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം വ്യക്തമാക്കി. അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് വിസ്താരം നടക്കുന്നത്.