ദാദ്രിയില്‍ നിന്നൊരു നല്ലവാര്‍ത്ത, മുസ്ലീം യുവതികളുടെ വിവാഹം നടത്തുന്നത് ഹിന്ദു സഹോദരന്മാര്‍

ഞായര്‍, 11 ഒക്‌ടോബര്‍ 2015 (13:58 IST)
പശുവിറച്ചി കഴിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നതിനു പിന്നാലെ അതേ സ്ഥലത്തു നിന്ന് മത സാഹോദര്യത്തിന്റെ വാര്‍ത്തകളും പുറത്തുവരുന്നു. ദാദ്രിയിലെ ബിസാഡ ഗ്രാമത്തിൽ മുസ്ലിം സഹോദരിമാരുടെ വിവാഹം മുടങ്ങാതിരിക്കാൻ സ്ഥലത്തെ ഹിന്ദു സഹോദരന്മാര്‍ തന്നെ മുന്നിട്ടിറങ്ങി. ഗോമാംസം ഉപയോഗിച്ചുവെന്ന് ആരോപിച്ച് 50-കാരനായ മുഹമ്മദ് ഇഖ്‌ലാക്കിനെ തല്ലിക്കൊന്ന ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ വരന്റെ കൂട്ടർ എത്തുമോ എന്ന ആശങ്ക ശക്തമായിരുന്നു.

ഇതൊഴിവാക്കുന്നതിനാണ് ഗ്രാമത്തിലെ ഹിന്ദുക്കളുടെ നേതൃത്തില്‍ കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാക്കിയത്. വിവാഹത്തിന്റെ സർവ ഒരുക്കങ്ങളും ചെയ്യുന്നത് ഗ്രാമവാസികൾ ഒരുമിച്ചാണ്. വിവാഹത്തിന്റെ ചെലവ് വഹിക്കുന്നതും അവരെല്ലം ചേർന്നുതന്നെ. പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി വെജിറ്റേറിയൻ ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവുമായി ആലോചിച്ചശേഷമാണ് വിഭവങ്ങൾ തയ്യാറാക്കിയത്.

അയൽഗ്രാമങ്ങളായ പയാവാലിയിൽനിന്നും സദുലാപ്പുരിൽനിന്നുമുള്ളവരാണ് വരന്മാർ. അവർക്ക് സധൈര്യം ബിസാഡയിലേക്ക് വരാൻ ഗ്രാമത്തിലെ ഓരോ വ്യക്തിയും ജാതിയോ മതമോ നോക്കാതെ ഒരുമിച്ചുനിൽക്കുന്നുണ്ടെന്ന് പെൺകുട്ടികളുടെ പിതാവായ മുഹമ്മദ് ഹക്കീമു പറഞ്ഞു. ഈ പെൺകുട്ടികൾ ഗ്രാമത്തിന്റെ മക്കളാണെന്നും അവരുടെ വിവാഹം ഗ്രാമത്തിന്റെ ചുമതലയാണെന്നും ഗ്രാമത്തലവൻ സഞ്ജീവ് റാണ പറഞ്ഞു.

വെബ്ദുനിയ വായിക്കുക