ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. ബുള്‍ബുളിന്റെ പ്രഭാവം മൂലം ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷം വീഴിയ മറ്റു ചുഴലിക്കാറ്റുകള്‍.