സച്ചിന്‍ ആദ്യം കെസിഎ ഭാരവാഹികളുമായും തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ എന്നിവരുമായും ചര്‍ച്ച നടത്തും. കൊച്ചി ടീമിന് സര്‍ക്കാരിന്റെ പിന്തുണയും കൊച്ചിയിലെ മല്‍സരങ്ങള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാനുള്ള സഹായവും അഭ്യര്‍ഥിച്ചാണ് ഭാരതരത്ന ജേതാവ് കൂടിയായ സച്ചിന്‍ എത്തുന്നത്. ടീമിനെക്കുറിച്ചുള്ള സ്വപ്നങ്ങളും കേരളത്തിലെ ഫുട്ബോള്‍ രംഗത്തെ നവീകരിക്കാനുള്ള പദ്ധതികളും സച്ചിന്‍ പങ്കുവയ്ക്കും.
ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നു കല്യാണ്‍ സില്‍ക്ക്സിന്റെ ചെറുവിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സച്ചിന്‍ മൂന്നു മണിയോടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് ബോളിങ് പ്രകടനങ്ങളും പിറന്ന ഇവിടെ അദ്ദേഹത്തോടുള്ള ആദരസൂചകമായി പവലിയന്‍ ഒരുക്കിയത് സച്ചിന്റെ വിരമിക്കലിനോടനുബന്ധിച്ചാണ്.
ഐഎസ്‌എല്‍ മല്‍സരങ്ങള്‍ക്ക് വിനോദ നികുതി ഇളവ് നല്‍കുന്നതു സംബന്ധിച്ച് മേയര്‍ ടോണി ചമ്മണിയുമായും മറ്റ് ഒരുക്കങ്ങള്‍ സംബന്ധിച്ച് ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെഎഫ്‌എ പ്രസിഡന്റ് കെ.എം.ഐ.മേത്തര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. വൈകിട്ടു മുംബൈയ്ക്കു മടങ്ങും.