കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയേ ശ്രദ്ധിക്കണമെന്ന് സിപിഎം പിബി നിര്‍ദ്ദേശം. ബംഗാളില്‍ വളരുന്നത് പോലെ കേരളത്തിലും ബിജെപി ശക്തി പ്രാപിക്കുന്നതായാണ് പിബി വിലയിരുത്തിയിരിക്കുന്നത്. ബംഗാളില്‍ സംഭവിച്ചതുപോലെ കേരളത്തിലും സംഭവിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നാണ് പിബി നിര്‍ദ്ദേശം.
അതേ സമയം 30 വര്‍ഷം മുമ്പെടുത്ത പല അടവു നയങ്ങളും തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നതായി പിബി കരട് അവലോകന രേഖ. കഴിഞ്ഞ 30 വര്‍ഷത്തെ അടവു നയത്തിലെ പാളിച്ചയാണ് സമീപകാല തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് കാരണം. കഴിഞ്ഞകാലങ്ങളില്‍ സിപിഎം മറ്റു പാര്‍ട്ടികളുടെ വാലായത് ദോഷം ചെയ്‌തെന്ന് കരട് അവലോകന രേഖ വ്യക്തമാക്കുന്നു. മാത്രമല്ല മൂന്നാം മുന്നണി പരീക്ഷണം നല്ലതല്ലെന്നും പിബിയില്‍ അഭിപ്രായം ഉയര്‍ന്നു.
ഇ എം എസിന്റെയും സുര്‍ജിത്തിന്റെയും സമയത്തെ നയമാണ് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ സിപിഎം സമ്മതിക്കുന്നത്. 89ല്‍ വി പി സിംഗിന്റെയും 96ല്‍ ജനതാദളിന്റെ വാലായും നിന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിച്ചു. 2004ല്‍ കോണ്‍ഗ്രസിന്റെ വാലായും പാര്‍ട്ടി നിന്നത് ശരിയായില്ലെന്നാണ് കരട് അവലോകന രേഖ പറയുന്നത്.