കമിതാക്കൾക്ക് മരണശേഷം വിവാഹം, ശ്‌മശാനത്തിൽ ചടങ്ങ് നടത്തിയത് വിവാഹത്തെ എതിർത്ത ബന്ധുക്കൾ

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (17:40 IST)
മഹാരാഷ്ട്ര: ജീവിച്ചിരിക്കുമ്പോൾ പ്രണയം അംഗീകരിക്കാൻ തയ്യാറാകാതെ വിവാഹം സമ്മാതിക്കാതിരുന്ന ബന്ധുക്കൾ തന്നെ ശ്‌മശാനത്തിൽ വിവാഹചടങ്ങുകൾ നടത്തി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് കമിതാക്കളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 
ലാഡ് ഗ്രാമത്തിലെ മുകേഷ് സോനവാനെ (22), നേഹ താക്കറെ (19) എന്നിവരാണ് മരിച്ചത്. ഇവർ ഒരേ കുടുംബത്തിൽ നിന്ന് തന്നെയുള്ളവരായതിനാൽ കുടുംബങ്ങൾ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് രണ്ടുപേരും ആത്മഹത്യ ചെയ്‌തത്. മുകേഷ് പെൺകുട്ടിയുടെ കുടുംബത്തോട് വിവാഹാഭ്യർത്ഥന നടത്തി. എന്നിരുന്നാലും, നേഹയുടെ കുടുംബം വിവാഹാഭ്യർത്ഥന നിരസിക്കുകയായിരുന്നു.
 
 പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം ഇരുവരുടെയും മൃതദേഹം സംസ്ക്കരിക്കാനായി ഒരേ ശ്മശാനത്തിലേക്കാണ് കൊണ്ടുവന്നത്. അവിടെവെച്ചാണ് രണ്ടുപേരുടെയും ബന്ധുക്കൾ കൂടിയാലോചിച്ച് പ്രതീകാത്മകമായി വിവാഹചടങ്ങുകൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.  വിവാഹ ചടങ്ങുകൾ നടത്തിയ ശേഷമായിരുന്നു രണ്ടുപേരുടെയും ശവ‌സംസ്‌കാരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍