രാജ്യത്തെ സേവിക്കുന്നതിനായി ഡിജിറ്റല്‍ പണമിടപാടുകളില്‍ പങ്കാളികളാകണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇടപാടുകൾക്ക് രാജ്യത്ത്കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ടെന്നും അത്തരം ഇടപാടുകള്‍ പ്രോൽസാഹിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഭീം ആപ്പ് ഒന്നരക്കോടി ആളുകൾ ഡൗൺലോഡ് ചെയ്തതായും മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കവെ അറിയിച്ചു.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു മോദിയുടെ മൻ കീ ബാത്ത് ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ഹോമിച്ച ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ ത്യാഗത്തേയും മൻകീബാത്തിലൂടെ മോദി പരാമർശിച്ചു. 125 കോടിയോളം വരുന്ന എല്ലാ ജനങ്ങളും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി കഠിനമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.
നിരവധി സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് കടന്ന് വരുന്നത് വളരെ നല്ല സൂചനയാണ്. ഭക്ഷണം പാഴാക്കുന്നത് കുറ്റകരമാണ്. ഈ പ്രവണ ഇല്ലാതാക്കാനായി യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷാദമടക്കമുള്ള പല മാനസിക രോഗങ്ങളും ചികിൽസിച്ച് മാറ്റാൻ കഴിയുന്നതാണെന്നും ഇത്തരക്കാർക്ക് സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.