ആഗ്രയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; രൂപങ്ങള്‍ തകര്‍ക്കപ്പെട്ടു

വ്യാഴം, 16 ഏപ്രില്‍ 2015 (15:16 IST)
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്രൈസ്തവ ദേവാലയത്തിനുനേരെ അഞ്ജാതരുടെ ആക്രമണം. ആഗ്ര കന്റോണ്‍മെന്റിനു സമീപം പ്രതാപ് പുരയിലെ സെന്റ് മേരീസ് പള്ളിയ്ക്കു നേരെയാണ് ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ആക്രമണമുണ്ടായത്. പള്ളിയുടെ മുന്‍വശത്തുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രതിമകള്‍ തകര്‍ക്കുകയും സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന വൈദികന്റെ കാറിന്റെ ചില്ലുകള്‍ ആക്രമികള്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു.

ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായതെന്ന് പള്ളിയിലുണ്ടായിരുന്ന വൈദികര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അടുത്ത കാലത്ത് വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. ന്യുനപക്ഷങ്ങളുടെ അവകാശങ്ങളും മതസൗഹാര്‍ദ്ദവും സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങള്‍ തുടരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക