അരുണാചലിൽ 100 വീടുള്ള ചൈനീസ് ഗ്രാമം, കൈയേറ്റം ശരിവെച്ച് അമേരിക്കയുടെ റിപ്പോർട്ട്

വെള്ളി, 5 നവം‌ബര്‍ 2021 (14:11 IST)
അരുണാചൽ പ്രദേശിൽ ചൈന നടത്തുന്ന കൈയേറ്റശ്രമങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് അമേരിക്ക. അമേരിക്കൻ വിദേശകാര്യ,പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തലുള്ളത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിലാണ് ചൈന 100 വീടുകൾ അടങ്ങിയ ഗ്രാമം നിർമിച്ചിട്ടുളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും കയ്യേറ്റനീക്കങ്ങൾ സജീവമാക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. സംഘർഷസമയത്ത് സൈനികർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് അതിർത്തിപ്രദേശങ്ങളിൽ ചൈന ഗ്രാമങ്ങൾ നിർമിക്കുന്നതെന്ന് ഈസ്റ്റേൺ ആർമി കമാൻഡ് ചീഫ് ലഫ് ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
 
അരുണാചൽ പ്രദേശിൽ ചൈന നൂറോളം വീടുകളടങ്ങിയ ഗ്രാമം നിർമിച്ച വിവരം ഉപഗ്രഹചിത്രങ്ങളോടെ ജനുവരിയിൽ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇന്ത്യൻ അതിർത്തിയി‌ൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ഈ നിർമാണം എന്നായിരുന്നു റിപ്പോർട്ട്. വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണി‌ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍