സര്‍ക്കാര്‍ ജോലി നേടുന്നതിന് മകന്‍ അച്ഛനെ കൊല്ലുന്നു; തലൈകൂത്തല്‍ എന്ന അനാചാരത്തിന്റെ മറവില്‍ തമിഴ്നാട്ടില്‍ നടക്കുന്നത് ക്രൂരമായ കൊലപാതകങ്ങള്‍

വ്യാഴം, 18 ഫെബ്രുവരി 2016 (11:21 IST)
മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ ‘തലൈകൂത്തല്‍’ എന്ന ദുരാചാരം തമിഴ്‌നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. വൃദ്ധരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുന്ന പരമ്പരാഗതമായ ആചാരമാണ് തലൈക്കൂത്തല്‍. മദ്രാസ് സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനോളജി അസിസ്റ്റന്റ് പ്രൊഫസര്‍ എം പ്രിയംവദ ‘ എ സ്റ്റഡി ഓണ്‍ ദി വിക്റ്റിംസ് ഓഫ് ജെറോന്റിസൈഡ് ഇന്‍ തമിഴ്‌നാട്, ഇന്ത്യ’ എന്ന വിഷയത്തില്‍ നടത്തിയ പഠത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തലൈക്കൂത്തല്‍ എന്ന ആചാരത്തെ കുറിച്ചുള്ളത്. വൃദ്ധരെ ഇങ്ങനെ മരണത്തിന് വിധിക്കുന്നത് ഭൂരിഭാഗവും അവരുടെ മക്കള്‍ തന്നെയാണ്
 
30 ശതമാനം പ്രായമായവരുടേയും ജീവന്‍ ഭീഷണിയിലാണ്. ഒരു ആചാരം എന്ന നിലയിലാണ് വൃദ്ധരുടെ കൊലപാതകം നടത്തി വരുന്നത്. 26 വിവിധ രീതികളില്‍ ഇവിടെ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
പല കാരണങ്ങളാണ് പ്രായമായവരെ മരണത്തിന് വിധേയമാക്കുന്നതിന് പിന്നില്‍. പ്രായമായവരെ സംബന്ധിച്ച ഉത്കണ്ഠ, വൃദ്ധരുടെ ശാരീരികവും മാനസികവുമായ ദുര്‍ബലത, മോശം സാമ്പത്തിക സാമ്പത്തിക സ്ഥിതി എന്നിവയും ആകാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയം മറ്റ് നേട്ടങ്ങള്‍ക്ക് വേണ്ടിയും വൃദ്ധരെ കൊല്ലുന്നവരുമുണ്ട്. അച്ഛന്റെ സര്‍ക്കാര്‍ ജോലി നേടുന്നതിന് വേണ്ടിയാണ് തേനി ജില്ലയില്‍ ഒരു മകന്‍ അച്ഛനെ കൊന്നത്.
 
യു.ജി.സി സഹായത്തോടെ 602 പേരിലാണ് പഠനം നടന്നത്. തലൈക്കൂത്തല്‍ എന്ന ആചാരം നടത്തുന്നതിനായി ഇടനിലക്കാരുടെ ശൃംഗലയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു 300 രൂപ മുതല്‍ 3000 രൂപവരെയാണ് കൈപറ്റി വിഷം കുത്തിവെക്കുകയാണ് ഇത്തരക്കാര്‍ ചെയ്യാറുള്ളത്.

വെബ്ദുനിയ വായിക്കുക