പീരങ്കിവിവാദങ്ങള്‍ക്ക് വിട; 814 പീരങ്കികള്‍ ഇന്ത്യ വാങ്ങുന്നു
ഞായര്‍, 23 നവംബര്‍ 2014 (13:18 IST)
ബൊഫോഴ്സ് വിവാദത്തിന് ശേഷം ആദ്യമായി ഇന്ത്യ വിദേശത്തു നിന്ന് പീരങ്കികള്‍ വാങ്ങാനൊരിങ്ങുന്നു. 15,570 കോടി രൂപയുടെ ഇടപാടില്‍ 100 പീരങ്കികള്‍ പൂര്‍ണമായും വിദേശത്ത് നിന്ന് വാങ്ങുകയും ബാക്കിയുള്ള 714 എണ്ണം വിദേശ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുമാണ് ലക്ഷ്യമിടുന്നത്. ആകെ 814 പീരങ്കികളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനുള്ള അനുമതി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കി.
ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍(ഡിഎസി) യോഗത്തിലാണ് പദ്ധതിക്ക് പ്രതിരോധമന്ത്രിയുടെ അനുമതി ലഭിച്ചത്. എല്‍&ടി, ടാറ്റാ, ഭാരത് ഫോര്‍ജ് തുടങ്ങിയ കന്പനികളാകും പദ്ധതിയ്ക്കായി കരാര്‍ സമര്‍പ്പിക്കുക. 1986ലെ വിവാദമായ ബൊഫോഴ്സ് ഇടപാടിനു ശേഷം ഇതാദ്യമായാണ് പീരങ്കികള്‍ ഇന്ത്യ വാങ്ങുന്നത്.
അതേസമയം, വായുസേനയുടെ അവ്റോ ശ്രേണിയിലുള്ള ചെറു യാത്രാ വിമാനമാനങ്ങള്‍ക്ക് പകരമായി 56 മീഡിയം യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കായി ടാറ്റാ സണ്‍സും എയര്‍ബസും സംയുക്തമായി സമര്‍പ്പിച്ച അപേക്ഷ ഡി.എ.സി മാറ്റിവച്ചു. കരാറിന്മേല്‍ ഡി.എ.സി കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. 8200 കോടി രൂപയ്ക്ക് 106 സ്വിസ് പിലാററസ് പരിശീലന വിമാനങ്ങള്‍ വാങ്ങുന്നതിന് സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലും സമാനമായ തീരുമാനമാണ് ഡി.എ.സി കൈക്കൊണ്ടത്.