തെരഞ്ഞെടുപ്പിന് മുമ്പ് ബജറ്റ് അവതരണം പാടില്ല, മാറ്റിവെയ്ക്കണം, ആവശ്യവുമായി പ്രതിപക്ഷം; ഇല്ലാത്ത പ്രശ്നം കുത്തിപ്പൊക്കുന്നുവെന്ന് അരുൺ ജെയ്‌റ്റ്‌ലി

വെള്ളി, 6 ജനുവരി 2017 (09:06 IST)
രാജ്യം ഉറ്റുനോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ പാടില്ലെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ഇക്കാര്യം ബോധ്യപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ പാര്‍ട്ടികൾ പരാതി നൽകി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 ഓളം പാര്‍ട്ടി നേതാക്കളാണ് പരാതിയുമായി മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയെ കണ്ടത്. 
 
ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പോളിങ് നടക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. വോട്ട് ലക്ഷ്യമിട്ട് ബജറ്റിൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ സർക്കാർ ലക്ഷ്യമിടുമെന്നാണ് പരാതി. അഞ്ചുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് പരിഗണിച്ച് അന്നത്തെ യു പി എ സര്‍ക്കാര്‍ ബജറ്റ് അവതരണം  നീട്ടിവെച്ചിരുന്നു. പ്രസ്തുത കീഴ്വഴക്കം പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.  
 
എന്‍ ഡി എയുടെ ഭാഗമായ ശിവസേനയും ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇല്ലാത്ത പ്രശ്നം കുത്തിപ്പൊക്കുകയാണ് പ്രതിപക്ഷമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബജറ്റ് അവരണം സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതിനെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന കേന്ദ്ര ബജറ്റ് ഒരു മാസം നേരത്തേയാക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.  

വെബ്ദുനിയ വായിക്കുക