ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബിജെപി തീരുമാനം

തിങ്കള്‍, 2 ജൂണ്‍ 2014 (11:49 IST)
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിജെപി നേതൃത്വത്തില്‍ തത്ത്വത്തില്‍ തീരുമാനം. പാര്‍ട്ടിയുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് കേന്ദ്ര പരിസ്ഥിതിമന്ത്രാലയമാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്. 
 
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വത്തിനുമുള്ളത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിജെപി കേരളഘടകം നേരത്തേതന്നെ ആവശ്യം ഉന്നയിച്ചിരുന്നു. ആറന്മുള വിമാനത്താവള വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ബിജെപി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
 
കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുംദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന സമീപനത്തിന്റെ മുന്നോടിയായി കണക്കാക്കുന്നു. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് നാലിന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പരിസ്ഥിതിമന്ത്രി പറഞ്ഞിരുന്നു. നിരവധി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പ്രധാനമാണ്. ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി ജൂലായ് 7-നാണ് പരിഗണിക്കുന്നത്. അന്ന് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നില ഏറെ പ്രസക്തമാകുമെന്നാണ് സൂചന. 
 
മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെതിരെ മുമ്പ് കേരളത്തില്‍നിന്ന് വന്‍എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇതേപ്പറ്റി പഠിക്കാന്‍ കസ്തൂരിരംഗന്‍ സമിതിയെ പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിജ്ഞാപനവും കേരളത്തില്‍ വീണ്ടും വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്.

വെബ്ദുനിയ വായിക്കുക