Bird Flu in West Bengal: ബംഗാളില്‍ നാല് വയസുകാരിക്ക് പക്ഷിപ്പനി, 2019 നു ശേഷം രാജ്യത്ത് ആദ്യം

രേണുക വേണു

ബുധന്‍, 12 ജൂണ്‍ 2024 (10:25 IST)
Bird Flu in West Bengal: രാജ്യത്ത് അഞ്ച് വര്‍ഷത്തിനു ശേഷം പക്ഷിപ്പനി മനുഷ്യരില്‍ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നാല് വയസുകാരിയിലാണ് H9N2 പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ബംഗാളിലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 
 
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍, പനി, വയറുവേദന എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കു ശേഷം മൂന്ന് മാസം കഴിഞ്ഞാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. രോഗിക്ക് വീട്ടിലും ചുറ്റുപാടുകളിലുമായി കോഴിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. 
 
കുട്ടിയുടെ കുടുംബത്തില്‍ ഉള്ളവര്‍ക്കോ കുട്ടിയുമായി അടുത്ത് ഇടപഴകിയവര്‍ക്കോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ പക്ഷിപ്പനി ലക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. 2019 ലാണ് ഇതിനു മുന്‍പ് മനുഷ്യരില്‍ പക്ഷിപ്പനി രോഗബാധ കണ്ടെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍