‘പുലി വരുന്നേ പുലി...’; പുള്ളിപ്പുലിയെ പേടിച്ച് ബംഗളൂരുവില്‍ 100ലധികം സ്കൂളുകള്‍ ഇന്ന് തുറന്നില്ല

വ്യാഴം, 11 ഫെബ്രുവരി 2016 (16:28 IST)
പുലിയെ പേടിച്ച് ബംഗളൂരുവില്‍ ഇന്ന് 100ലധികം സ്കൂളുകള്‍ അടഞ്ഞുകിടന്നു. ബംഗളൂരുവില്‍ പുള്ളിപ്പുലി ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ ഭീതിയെ തുടര്‍ന്നാണ് ഇന്ന് സ്കൂളുകള്‍ അടച്ചിട്ടത്. ഞായറാഴ്ച ആയിരുന്നു വര്‍ത്തൂരിലെ വിബ്ജിയോര്‍ സ്‌കൂളില്‍ ആദ്യം പുലിയെത്തിയത്. രണ്ടു ദിവസത്തിനു ശേഷം കഴിഞ്ഞദിവസവും പുലിയെത്തിയതോടെ സ്കൂള്‍ അടച്ചിരുന്നു. 
 
അതേസമയം, പ്രദേശത്ത് സ്വകാര്യ സ്കൂളിനു സമീപം രണ്ടു പുള്ളിപ്പുലികളെ കണ്ടതായി പ്രദേശവാസികള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് മേഖലയിലെ നൂറിലധികം സ്കൂളുകള്‍ അടച്ചിട്ടത്. ഞായറാഴ്ച വിബ്‌ജിയോര്‍ സ്കൂളില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ചോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
 
ഞായറാഴ്ച അതിസാഹസികമായാണ് വനംവകുപ്പ് പിടികൂടിയിത്.  മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒരു മൃഗഡോക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഒരു ദിവസം നീണ്ട ഓപ്പറേഷനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്.
 
സമീപവാസികളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വെബ്ദുനിയ വായിക്കുക