ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുന്നു: സുപ്രീം കോടതി

തിങ്കള്‍, 24 നവം‌ബര്‍ 2014 (15:57 IST)
ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്നാണ് കോടതി പറഞ്ഞത്. ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുമ്പോഴാണ് കോടതി വിമര്‍ശനവുമായി രംഗത്തെത്തിയത്.  ജസ്റ്റിസ് ടി എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആണ് കേസില്‍ വാദം കേള്‍ക്കുന്നത്. വാതുവെപ്പ് കേസില്‍ ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ കുറ്റവിമുക്തനായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കോടതി വെളിപ്പെടുത്തി.

ബിസിസിഐ അധ്യക്ഷന്റെ ഉടമസ്ഥതതിയിലുള്ള ടീം ഐപിഎല്ലില്‍ കളിക്കുന്നത് എങ്ങനെയാണ്. ഇത് എന്തൊരു വിരോധാഭാസമാണ്. ശ്രീനിവാസനുമായി വളരെ അടുപ്പമുള്ള ആള്‍ക്ക് വാതുവെപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഗുരുതരമായ കാര്യമാണ്. അപ്പോള്‍ വാതുവെപ്പില്‍ ശ്രീനിവാസന് പങ്കില്ലെന്നും ശ്രീനിവാസന്‍ കുറ്റക്കാരനല്ലെന്നും എങ്ങനെ പറയാന്‍ കഴിയും. ഇതിന് കൂടുതല്‍ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ എങ്ങനെയാണ് ബി.സി.സി.ഐ. നടപടിയെടുക്കുക. ബിസിസിഐ. ഒരേസമയം കള്ളനും പോലീസും കളിക്കുകയാണ്. ഇത് ക്രിക്കറ്റിനെ നശിപ്പിക്കുന്ന നടപടിയാണ്. ബിസിസിഐയുടെ ഇത്തരം നടപടികള്‍ ക്രിക്കറ്റിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും-സുപ്രീം കോടതി നിരീക്ഷിച്ചു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റി എന്‍ ശ്രീനിവാസനെ കുറ്റവിമുക്തനാക്കിയെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍, ശ്രീനിവാസന് പുറമെ സിഒഒ സൗന്ദര്‍രാമന്‍, ഗുരുനാഥ് മെയ്യപ്പന്‍, രാജ്കുന്ദ്ര തുടങ്ങിയവരോട് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്താനായി ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജിയും ബെഞ്ച് പരിഗണിക്കുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക