ബംഗളുരു സ്ഫോടനക്കേസ് കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി റിപ്പോര്‍ട്ട്

ശനി, 15 നവം‌ബര്‍ 2014 (17:08 IST)
പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി പ്രധാനപ്രതിയായ ബംഗളൂരു സ്ഫോടനക്കേസില്‍ കര്‍ണാടക സര്‍ക്കാരിനേയും കേരള സര്‍ക്കാരിനെയും വിമര്‍ശിച്ച് കൊണ്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവം കേസില്‍ മഅദനിക്കെതിരായ പ്രധാനസാക്ഷികള്‍ കൂറുമാറാന്‍ കാരണമായെന്നും കേരള സര്‍ക്കാരിന്റെ ഇടപെടലിലൂടെ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ മഅദനിക്കെതിരായ നാല് സാക്ഷികള്‍ ഇതുവരെ കൂറ് മാറിയിട്ടുണ്ട് എന്നും കോഴിക്കോട്ടെ ഒരു പ്രമുഖ അഭിഭാഷകന്‍ മുഖേനയാണ് സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. കൂറുമാറിയ പ്രതികളിലൊരാളായ യൂസഫെന്ന മണി, മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചതായും കൂടുതല്‍ സാക്ഷികള്‍ കൂറുമാറുമെന്നും റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇടപെടലാണ് കര്‍ണാടക സര്‍ക്കാര്‍ കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ കാരണമെന്നും പ്രൊസിക്യൂഷന്റെ മൌനാനുവാദത്തോടെ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. പ്രതിഭാഗത്തിന്‍റെ വാദമുഖങ്ങളെ ഖണ്ഡിക്കാനുള്ള എതിര്‍വാദങ്ങള്‍ നിരത്താന്‍ പ്രൊസിക്യൂഷന് താലപര്യമില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നാലുവര്‍ഷമായി വിചാരണ തുടരുന്ന കേസില്‍ സാക്ഷികളെ സംരക്ഷിക്കാനുള്ള നടപടികള്‍ പോലും കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് താക്കീത് നല്‍കിയതായും സൂചനയുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക