കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോൾത്തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുന്മുമ്പ് രമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് സാക്ഷി മഹാരാജ് പറഞ്ഞത്. സംഭവം പുതിയ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു.
ക്ഷേത്ര നിര്‍മാണം എന്ന് ആരംഭിക്കുമെന്ന് പറയാനാകില്ല. ഇന്നല്ലെങ്കിൽ നാളെ അതാരംഭിക്കും. ബിജെപിക്കു മുന്നില്‍ ഇനി നാലു വര്‍ഷം കൂടിയുണ്ട്. അയോധ്യയിൽ നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നു. അത് ഭാവിയിലും അവിടെയുണ്ടാകും, കൂടുതൽ ഔന്നത്യത്തോടെ, ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട - അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കളും മന്ത്രിമാരും വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സാക്ഷി മഹാരാജിന്‍റെ പ്രസ്താവനയെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിച്ചതുള്‍പ്പെടെ നിരവധി വിവാദ പ്രസ്താവനകള്‍ സാക്ഷി മഹാരാജ് നേരത്തെയും നടത്തിയിട്ടുണ്ട്.