വാജ്‌പേയി അന്തരിച്ചെന്ന വ്യാജവാര്‍ത്ത; ഒഡീഷയില്‍ സ്കൂളിന് അവധി
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചെന്ന വ്യാജവാര്‍ത്തയുടെ പേരില്‍ സ്കൂളിന് അവധി നല്‍കി. ശനിയാഴ്ച ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ യുജിഎംഇ സ്‌കൂളിലാണ് സംഭവം.
വ്യാജവാര്‍ത്തയെത്തുടര്‍ന്ന് സ്കൂളില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. വാജ്‌പേയി അന്തരിച്ചു എന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കമലാകാന്ത ദാസാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചതും യോഗം വിളിച്ചു കൂട്ടിയതും. ശനിയാഴ്ച ഒരു ഔദ്യോഗികമീറ്റിംഗിനിടെ വ്യാജവാര്‍ത്ത കേട്ട കമലാകാന്ത ദാസ് സ്‌കൂളിലേക്ക് ഫോണ്‍ ചെയ്താണ് ‘വാര്‍ത്ത’ അറിയിച്ചത്.
സ്‌കൂള്‍ കമ്മറ്റിയംഗങ്ങളും ചില ഗ്രാമീണരും ഇതിനെ ചോദ്യം ചെയ്‌തെങ്കിലും മറുപടി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ തയ്യാറായില്ല. സംഭവം വിവാദമായതോടെ സ്‌കൂളിനെതിരെ ബാലസോര്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.