മാനനഷ്ടക്കേസ് കൊടുക്കാൻ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് കീർത്തി
തിങ്കള്‍, 21 ഡിസംബര്‍ 2015 (12:38 IST)
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കാന്‍ ബിജെപി എംപി കീര്‍ത്തി ആസാദ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ വെല്ലുവിളിച്ചു. ട്വിറ്ററിലൂടെയാണ് ആസാദ് വെല്ലുവിളി നടത്തിയത്. ‘മാനനഷ്ടക്കേസിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയത് എന്തിനാണ്. തനിക്കെതിരെയും കേസ് കൊടുക്കൂ. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും വായ് മൂടിക്കെട്ടിക്കാനും ശ്രമിക്കരുതെന്നും കീർത്തി ആസാദ് ട്വിറ്ററിൽ കുറിച്ചു.
അരുൺ ജെയ്റ്റ്ലി പ്രസിഡന്‍റ് ആയിരുന്ന കാലയളവിൽ ഡിഡിസിഎയിൽ നടന്ന അഴിമതിയുടെ തെളിവുകൾ ബിജെപിയുടെ ലോക്സഭാ അംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. വിക്കീലീക്സ് ഫോർ ഇന്ത്യ എന്ന പേരിലുള്ള സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആസാദ് ജയ്റ്റ്ലിയെ പ്രതിക്കൂട്ടിൽ കയറ്റിയത്. എന്നാൽ അഴിമതി ആരോപണം ഉന്നയിച്ച ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ മാത്രമാണ് ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
അതേസമയം ഡിഡിസിഎ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നാല് എ.എ.പി നേതാക്കള്‍ക്കെതിരെ അരുൺ ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവർക്കെതിരെയാണ് കേസ്. 10 കോടി രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഡൽഹി ഹൈകോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ക്രിമിനൽ കേസും ജെയ്റ്റ്ലി ഫയൽ ചെയ്തിട്ടുണ്ട്.