കെജ്‌രിവാളിനെതിരെ അരുണ്‍ ജെയ്‌റ്റ്‌ലി നല്കിയ മാനനഷ്‌ടക്കേസ് ഇന്ന് പരിഗണിക്കും

ചൊവ്വ, 5 ജനുവരി 2016 (12:33 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി നല്കിയ മാനനഷ്‌ടക്കേസ് ഇന്ന് പരിഗണിക്കും. ഡല്‍ഹി പാട്യാല ഹൌസ് കോടതിയാണ് വാദം കേള്‍ക്കുക. ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് വ്യജമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ പ്രതിച്‌ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ജെയ്‌റ്റ്ലി കേസ് നല്കിയത്.
 
അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാര്‍ട്ടി നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്‌ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവര്‍ക്കും എതിരെയാണ് പരാതി.  പരാതിക്ക് ആധാരമായ തെളിവുകള്‍ കെജ്‌രിവാളിന്റെ അഭിഭാഷകര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.  ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി ഡി സി എ) അധ്യക്ഷനായിരിക്കെ  ജെയ്റ്റ്ലി നടത്തിയ തിരിമറികളാണ് വാര്‍ത്താസമ്മേളനം നടത്തി എ എ പി നേതാക്കള്‍ പുറത്തുവിട്ടത്.
 
1999 - 2013 കാലയളവില്‍, അസോസിയേഷന്‍ അധ്യക്ഷനായിരുന്ന ജെയ്റ്റ്ലിക്ക്,  അസോസിയേഷനില്‍ നടന്ന പണം തിരിമറിയിലും അപഹരണത്തിലും  പങ്കുണ്ടെന്നായിരുന്നു എ എ പി നേതാക്കളുടെ ആരോപണം.  24 കോടി രൂപ വകയിരുത്തിയ  സ്റ്റേഡിയത്തിന് ചെലവിട്ടത് 114 കോടി രൂപ ആയിരുന്നു.
 
കൂടാതെ, വ്യാജ കമ്പനികളും  വ്യാജ ബില്ലുകളും ഉണ്ടാക്കി ആയിരുന്നു പണം തിരിമറി നടത്തിയത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.  മുന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദിയും ജെയ്റ്റ്ലിക്കെതിരായ ആരോപണങ്ങളോട് യോജിച്ചിരുന്നു.
 
അതേസമയം, ക്രിക്കറ്റിന്റെ അഭിവൃദ്ധിക്കു വേണ്ടി മാത്രമാണ് ജെയ്‌റ്റ്‌ലി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹത്തിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നും ഡി ഡി സി എ വര്‍ക്കിങ് പ്രസിഡന്റ് ചേതന്‍ ചൗഹാന്‍ പറഞ്ഞു. 
 
മുന്‍ ക്രിക്കറ്ററും ബി ജെ പി എം പിയുമായ കീര്‍ത്തി ആസാദും ജെയ്‌റ്റ്‌ലിക്കെതിരെ ആരോപണവുമായി പിന്നീട് രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക