ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 'വോട്ടിന് കോഴ' വിവാദത്തില്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ടി ന്യൂസ്' ചാനലിലൂടെയാണ് തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ വിവാദത്തില്‍ നായിഡുവിന്റേതെന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നത്.
തെരഞ്ഞെടുപ്പില്‍ തെലങ്കുദേശം പാര്‍ട്ടിക്ക് പിന്തുണ ഉറപ്പാക്കാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംഎല്‍എ എല്‍വിസ് സ്റ്റീഫന്‍സണിന് കോഴ നല്‍കാന്‍ ശ്രമിച്ച സംഭവം നായിഡുവിന്റെ അറിവോടെയാണെന്ന് സൂചന നല്‍കുന്നതാണ് ശബ്ദരേഖ. ചാനല്‍ പുറത്തുവിട്ടത് ചന്ദ്രബാബു നായിഡുവിന്റെ ശബ്ദമല്ലെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, വോട്ടിന് കോഴ വിവാദത്തില്‍ ടിഡിപി നിയമസഭാംഗം രേവനാഥ് റെഡ്ഡി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.