അമിതാഭ് ബച്ചന്‍ നടന്‍, കങ്കണ റണാവത്ത് നടി, പത്തേമാരി മികച്ച മലയാളചലച്ചിത്രം, ജയസൂര്യയ്ക്ക് പ്രത്യേക പരാമര്‍ശം

തിങ്കള്‍, 28 മാര്‍ച്ച് 2016 (12:25 IST)
അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രമേഷ് സിപ്പി ചെയര്‍മാനായ ജൂറിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ‘പികു’ വിലെ അഭിനയത്തിന് അമിതാഭ് ബച്ചനും ‘തനു വെഡ്‌സ് മനു’ വിലെ അഭിനയത്തിന് കങ്കണ റണാവത്തും മികച്ച നടീനടന്മാരായി. ‘വിസാരണൈ’  യിലെ അഭിനയത്തിന് സമുദ്രക്കനി മികച്ച സഹനടന്‍ ആയപ്പോള്‍ തന്‍വി  ആസ്‌മിയാണ് മികച്ച സഹനടി. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ‘ബാഹുബലി’ വിഷ്വല്‍ ഇഫക്‌ട്‌സിനുള്ള പുരസ്കാരവും സ്വന്തമാക്കി.
 
‘എന്നു നിന്റെ മൊയ്‌തീന്‍’ ലെ ‘കാത്തിരുന്നു കാത്തിരുന്നു’ എന്ന പാട്ടിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എം ജയചന്ദ്രന്‍ സ്വന്തമാക്കി. ‘ബെന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൌരവ് മേനോന്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ‘സു സു സുധീ വാത്‌മീകം’, ‘ലുക്കാച്ചുപ്പി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
 
അലിയാറിന് ‘അരങ്ങിലെ നിത്യവിസ്മയം’ എന്ന ഡോക്യുമെന്ററിക്ക് നല്‌കിയ വിവരണത്തിലൂടെ മികച്ച വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ, മികച്ച സിനിമസൌഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരത്തില്‍ കേരളം പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക