തദ്ദേശഭരണ തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയും അമിത് ഷായും കൂടിക്കാഴ്ച നടത്തും
ബുധന്‍, 29 ജൂലൈ 2015 (10:25 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിൽ ഇന്നു കൂടിക്കാഴ്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരനും തുഷാർ വെള്ളാപ്പള്ളിയും ചർച്ചയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നതിനും വെള്ളാപ്പള്ളി സമയം ചോദിച്ചിരുന്നെങ്കിലും മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൽ കലാമിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം നിലനിൽക്കുന്നതിനാൽ അതിനുള്ള സാധ്യത കുറവാണ്. അമിത് ഷായും വെള്ളാപ്പള്ളി നടേശനും തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
കേരളത്തിൽ എസ്എൻഡിപി നേതൃത്വവുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അതേ തുടര്‍ന്നാണ് വെള്ളാപ്പള്ളിയും അമിത് ഷായും കൂടിക്കാഴ്‌ച നടത്തുന്നത്. കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്കു യോഗ്യരായ സ്ഥാനാർഥികളെ നൽകാനും പിന്തുണയ്ക്കാനും തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.