അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ; കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

വെള്ളി, 19 ജൂണ്‍ 2015 (11:34 IST)
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പരീക്ഷ നടത്താന്‍ മൂന്നു മാസം സമയം ആവശ്യപ്പെട്ട് സി ബി എസ് ഇ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു, ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരീക്ഷ നടത്താന്‍ ഇത്രയധികം സമയം ആവശ്യമില്ലെന്ന് നിരീക്ഷിച്ചത്.
 
കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഓഗസ്റ്റ് 17നകം പരീക്ഷ നടത്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി സി ബി എസ് ഇയ്ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
 
ഇക്കാലയളവില്‍ ഏഴു പരീക്ഷകള്‍ നടത്താന്‍ ഉണ്ടെന്നും അതിനാല്‍ മൂന്നുമാസം സാവകാശം വേണമെന്നായിരുന്നു സി ബി എസ് ഇയുടെ ആവശ്യം.
 
ആദ്യം നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ സുപ്രീംകോടതി റദ്ദു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്, എത്രയും പെട്ടെന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ സി ബി എസ് ഇക്ക് നിര്‍ദ്ദേശം നല്കിയിരുന്നു.

വെബ്ദുനിയ വായിക്കുക