എയര്‍സെല്‍ - മാക്സിസ് അഴിമതി കേസ്: മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു

വ്യാഴം, 2 ഫെബ്രുവരി 2017 (19:04 IST)
അഴിമതിക്കേസില്‍ മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു. എയര്‍സെല്‍-മാക്സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയുമാണ് കോടതി വെറുതെ വിട്ടത്.
 
ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് ഇരുവെരെയും വെറുതെവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ആയിരുന്നു കോടതിയുടെ നടപടി. എയര്‍സെല്ലിനെ ഏറ്റെടുക്കുന്നതിനായി മലേഷ്യന്‍ കമ്പനിയായ മാക്സിസിനെ അനധികൃതമായി ദയാനിധി മാരന്‍ സഹായിച്ചു എന്നാണ് കേസ്.
 
സണ്‍ നെറ്റ്‌വര്‍ക് തലവന്‍ കലാനിധി മാരന്‍, മുന്‍മന്ത്രി ദയാനിധി മാരന്‍, മാക്സിസ് കമ്പനി ഉടമ ടി അനന്തകൃഷ്‌ണന്‍, കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടിവ് റാല്‍ഫ് മാര്‍ഷല്‍ എന്നിവരെ പ്രതികളാക്കിയാണ് സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ കോടതിയുടെ വിധി വന്നിരിക്കുന്നത്.
 
മാക്സിസിനെ സഹായിച്ചതു വഴി ഏകദേശം 700 കോടി രൂപ ദയാനിധി മാരന് ലഭിച്ചുവെന്നാണ് സി ബി ​ഐയുടെ കുറ്റപത്രത്തിലുള്ളത്​. വിധിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക