അമേരിക്കയിലെ എണ്ണ ശുദ്ധീകരണ മേഖലയില്‍ വമ്പന്‍ നിക്ഷേപം നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടെക്‌സസിലെ ബ്രൗണ്‍സ്വില്ലില്‍ സ്ഥാപിക്കുന്ന റിഫൈനറിക്കായി 300 ബില്യണ്‍ ഡോളറിന്റെ(27.5 ലക്ഷം കോടി രൂപ) നിക്ഷേപമാണ് റിലയന്‍സ് നടത്തുക.ഈ ഭീമന്‍ കരാര്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍ ആണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു.
അമേരിക്ക ഫസ്റ്റ് റിഫൈനറി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.ഈ റിഫൈനറി അമേരിക്കന്‍ വിപണിക്ക് ഇന്ധനം നല്‍കുകയും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള റിഫൈനറി ആകും ഇതെന്നും 100 ശതമാനം അമേരിക്കന്‍ ഷെയ്ല്‍ ഓയില്‍ സംസ്‌കരിക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഓഹരി വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 1.78 ശതമാനം കുതിച്ചുയര്‍ന്ന് NSE-യില്‍ 1,434 രൂപ വരെ എത്തി. എന്നിരുന്നാലും ഈ കരാറിനെ സംബന്ധിച്ച് ഇതുവരെ ഓഹരി വിപണിയില്‍ റിലയന്‍സ് ഒരു ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തീവ്രമായതോടെ ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഈ ചരിത്ര പ്രഖ്യാപനം. ഊര്‍ജ സ്വാശ്രയത്വം ലക്ഷ്യം വച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ 'അമേരിക്ക ഫസ്റ്റ്' അജന്‍ഡയ്ക്ക് ഈ പദ്ധതി ശക്തമായ ഊന്നല്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി നടത്തുന്ന റിലയന്‍സ്, ഇനി അമേരിക്കന്‍ ഊര്‍ജ മേഖലയിലും നിര്‍ണായക ശക്തിയായി മാറുകയാണ്.