ജീവനക്കാര്‍ ബുഫേ ഭക്ഷണം പാത്രത്തിലാക്കി പോകുന്നു; ലണ്ടനിലെ ഹോട്ടലിന്റെ പരാതിയില്‍ നാണംകെട്ട് എയര്‍ ഇന്ത്യ

ബുധന്‍, 8 ഫെബ്രുവരി 2017 (13:52 IST)
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലണ്ടനിലെ ഹോട്ടല്‍. ജീവനക്കാര്‍ ബുഫേ ഭക്ഷണം പാത്രത്തിലാക്കി കൊണ്ടു പോകുന്നു എന്നാണ് ഹോട്ടലിന്റെ പരാതി.

ജീവനക്കാരുടെ നടപടി നാണക്കേടായതോടെ എയര്‍ ഇന്ത്യ വിഷയത്തില്‍ ഇടപെട്ടു. ഇൻ ഫ്ളൈറ്റ് സർവീസ് ഡിപ്പാർട്ട്മെന്റ് അസിസ്‌റ്റന്റ് ജനറല്‍ മാനേജരാണ് വിഷയത്തില്‍ മൂന്നറിയിപ്പ് നല്‍കിയത്.

ബുഫേ ഭക്ഷണം പാഴ്‌സലായി കൊണ്ടു പോകാനുള്ളതല്ല. ഇത് തുടർന്നാൽ ശക്തമായി നടപടിയായിരിക്കും സ്വീകരിക്കുകയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, ആരോപണം ഉന്നയിച്ച ഹോട്ടലിനെതിരെയും അസി ജനറൽ മാനേജർക്കുമെതിരെയും ജീവനക്കാര്‍ രംഗത്തെത്തി. എല്ലാവരും ഭക്ഷണം എടുക്കാറില്ല. നേരത്തെ രണ്ടു ദിവസം വിശ്രമം ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 26 മണിക്കൂര്‍ മാത്രമാണ് ലഭിക്കുന്നത്. വിശ്രമത്തിനിടെ കഴിക്കാന്‍ ചിലര്‍ ഭക്ഷണം എടുത്തുവയ്‌ക്കാറുണ്ട്. പരാതി പറഞ്ഞ ഹോട്ടല്‍ റൂം സർവീസിന് പണം ഈടാക്കും. അതിനാൽ ഭക്ഷണത്തിനായി റെസ്‌റ്റോറന്റില്‍ എത്തണമെന്നും ഒരു ജീവനക്കാരന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക