പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 109 പേരെ ജയിലിലടച്ചു... അതും ഇന്ത്യയില്‍
ശനി, 27 ജൂണ്‍ 2015 (14:33 IST)
വിദേശ രാജ്യങ്ങളില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുയോ, തുപ്പുകയോ, മാലിന്യം വലിച്ചെറിയുകയോ ഒക്കെ ചെയ്താല്‍ വലിയ ശിക്ഷയോ പിഴയോ ഒക്കെ അനുഭവിക്കേണ്ടിവരും. എന്നാല്‍ ഇന്ത്യയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കാം എന്നാല്‍ പൊതുസ്ഥലത്ത് ചുംബിക്കുന്നതാണ് തെറ്റ് എന്ന അവസ്ഥയാണുള്ളത്. വൃത്തിയില്ലാത്ത രാജ്യം എന്നാണ് ഇന്ത്യയെക്കുറിച്ച് പുറത്തുള്ള നിരീക്ഷണങ്ങള്‍. എന്നല്‍ ഇതൊക്കെ മാറാന്‍ പോവുകയാണ്.
മാറ്റത്തിനായി ആദ്യം മുന്‍കൈയ്യെടുത്തിരിക്കുന്നത് ആഗ്ര ഡിവിഷന്‍ റെയില്‍വേ പൊലീസാണ്. റെയില്‍വേയുടെ സ്ഥലങ്ങളായ പ്ളാറ്റഫോം, ട്രാക്കുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 109 പേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പൊതുശുചിത്വത്തിന്റെ പേരില്‍ ഇത്തരമൊരു അറസ്റ്റ് നടക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നൂറ് രൂപ മുതല്‍ 500 രൂപവരെ പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. മൂത്രമൊഴിച്ചതിന് ഇത്രയും പേരെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിട്ടുണ്ട്. റെയില്‍വെയുടെ സീനിയര്‍ സൂപ്രണ്ട് ഗോപേഷ് നാഥ് ഖന്നയാണ് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൂത്രമൊഴിച്ചും മുറുക്കിത്തുപ്പിയും വൃത്തികേടാക്കുന്നതിനെതിരെ കര്‍ശന നടപടിയ്ക്ക് ആഹ്വാനം ചെയ്തത്.