ആഗ്രയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

വ്യാഴം, 23 ഏപ്രില്‍ 2015 (19:10 IST)
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സെന്റ് മേരീസ് ക്രിസ്ത്യന്‍ പള്ളിയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ആഗ്ര പോലീസ് മുന്നുപേരെ അറസ്റ്റുചെയ്തു. നാസിര്‍, സഫര്‍, സഫറുദ്ദീന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവര്‍ റോഡ്‌സൈഡിലെ ഭക്ഷണശാലയിലെ തൊഴിലാളികളാണ്.  അതേസമയം ഇവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചിലര്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

കേസില്‍ പോലീസ് പക്ഷപാതപരമായാണ് നടപടിയെടുക്കുന്നതെന്നാരോപിച്ച്  പീസ് പാര്‍ട്ടി പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. കേസുമായി ഇവര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നും പോലീസ് ഇവരുടെമേല്‍ കുറ്റം കെട്ടിച്ചമയ്ക്കുന്നതാണെന്നും പീസ് പാര്‍ട്ടി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ജഹാംഗിര്‍ ആല്‍വി ആരോപിച്ചു. എന്നാല്‍ പള്ളിയ്ക്കു നേരെ ആക്രമണം നടന്ന ദിവസം മൂവരേയും കന്റോണ്‍മെന്റ് ഏരിയയില്‍ കണ്ടതായുള്ള സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് രാജേഷ് മോദക് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നലുകളും ഇത് ശരിവെയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കച്ചവടത്തിനുബ് ശേഷം താമസസ്ഥാലത്തേയ്ക്കുള്ള എളുപ്പമാര്‍ഗ്ഗമായാണ് പ്രതാപ് പുരയിലെ പള്ളിയ്ക്കു സമീപത്തുകൂടി യാത്രചെയ്തത് എന്നാണ് പീസ് പാര്‍ട്ടി പറയുന്നത്. ള്ളി ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കാളിത്തമില്ലെങ്കില്‍ അത് അന്വേഷത്തില്‍ തെളിയുമെന്ന് പൊലീസ് പറയുന്നു.  ഏപ്രില്‍ 16നാണ് കന്റോണ്‍മെന്റ് ഏരിയയില്‍ പ്രതാപ് പുരയ്ക്കു സമീപത്തായുള്ള സെന്റ് മേരീസ്പള്ളിയ്ക്കുനേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ 3.30നുണ്ടായ ആക്രമണത്തില്‍ പള്ളിയിലെ മാതാവിന്റേയും ഉണ്ണഇയേശുവിന്റെയും പ്രതിമ പൂര്‍ണ്ണമായും തകര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക